Kerala
ആലപ്പുഴ: അമ്പലപ്പുഴയിൽ ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണപ്പൻ എന്നറിയപ്പെടുന്ന ഉദീഷ് (26), രാജീവ് (41) എന്നിവരാണ് അറസ്റ്റിലായത്.
അമ്പലപ്പുഴ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ സ്വദേശികളായ ബിജു, ബന്ധു ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴ ബിവറേജസിൽ വച്ച് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബിജുവും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ബിജു പ്രതികളിലൊരാളായ ഉദീഷിനെ മർദിച്ചു. തുടർന്ന് പിന്നാലെയെത്തിയ പ്രതികൾ ബിജുവിനെയും ശരത്തിനെയും മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിൽ വണ്ടാനത്ത് വച്ച് ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു.
District News
ഉളളൂര്‍: യുവാക്കളെ ബിയര്‍കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മൂന്നുപേരെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പക്കര പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ജിതിന് (27), തിരുവനന്തപുരം തുറുവിക്കല്‍ വയലില്‍ പണയില്‍ വീട്ടില്‍ ശ്യാംകുമാര്‍ (26), നെയ്യാറ്റിന്‍കര പെരുമ്പഴുത്തൂര്‍ എസ്.എസ്. നിവാസില്‍ ദീപു (27) എന്നിവരാണ് പിടിയിലായത്. ഈമാസം 17ന് പുലര്‍ച്ചെ 12.30നായിരുന്നു കേസിനാസ്പദമായ സംഭവം.
ചുള്ളിമാനൂര്‍ സ്വദേശികളായ രാഹുല്‍ (24), അരവിന്ദ് (27), അനന്തു (26) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുവച്ചായിരുന്നു ആക്രമണം. ഇടവഴിയില്‍ നില്‍ക്കുകയായിരുന്നു സുഹൃത്തുക്കള്‍ക്കുനേരേ ബിയര്‍കുപ്പി പൊട്ടിച്ചുകൊണ്ട് പ്രതികള്‍ ചാടിവീഴുകയായിരുന്നു. ആക്രമണത്തില്‍ കൈകള്‍ക്കു പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
ഇടുക്കി: ഇടുക്കി ഡാമിന് സമീപം ഉളുപ്പൂണി മുല്ലക്കാനം ഭാഗത്ത് കാട്ടാനകളുടെ മുൻപിൽപ്പെട്ട യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് വനത്തോട് ചേർന്ന ഭാഗത്ത് നിലയുറപ്പിച്ചിരുന്ന നാല് കാട്ടാനകളുടെ മുൻപിലേക്കാണ് യുവാക്കൾ എത്തിയത്.
കാഴ്ചകൾ കാണാനെത്തിയ യുവാക്കൾ, അപരിചിത സാന്നിദ്ധ്യം കണ്ട് പിൻവാങ്ങാൻ ശ്രമിച്ച ആനകളെ പിന്തുടർന്ന് പ്രകോപിപ്പിക്കുകയായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാരുടെ വിലക്ക് അവഗണിച്ചായിരുന്നു യുവാക്കളുടെ നീക്കം. ഇതോടെ പ്രകോപിതരായ ആനക്കൂട്ടം ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. പ്രദേശവാസികളല്ലാത്ത യുവാക്കളാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. മീൻപിടിക്കാനും കാലിത്തീറ്റ ശേഖരിക്കാനുമായി ഡാം സൈറ്റിൽ എത്തുന്ന നാട്ടുകാരെ സാധാരണ ഗതിയിൽ ആനകൾ ഉപദ്രവിക്കാറില്ല. എന്നാൽ പുറമേ നിന്നുള്ളവർ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് തങ്ങൾക്കും ഭീഷണിയാകുന്നുവെന്ന പരാതിയിലാണ് പ്രദേശവാസികൾ.
Kerala
തൃശൂർ: സംസ്ഥാന പാതയിൽ വാടാനപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (23) കണ്ടശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു.
വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശിരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയിലെ ജീവനക്കാരനാണ്. പിതാവ്: രാജൻ. മാതാവ്: ഉഷ. സഹോദരങ്ങൾ: അരുൺ, അഷിൻ. വിഷ്ണുവിന്റെ പിതാവ്: ഷാജു. മാതാവ്: നിഷ. ജിഷ്ണു ഇരട്ടസഹോദരനാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച് മലയാളി. വെടിവച്ച ജയൻ ശിവാനന്ദൻ നായർ (51) എന്നയാളെ പോലീസ് പിടികൂടി.
വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ ജയൻ വെടിയുതിർക്കുകയായിരുന്നു. കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽ വച്ച് അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു.
കുറച്ച് നാളുകളായി ഇവർ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പല തവണ ലൈംഗീക അതിക്രമണത്തിന് ശ്രമിച്ചിരുന്നു. ഇന്നലെയും അക്രമികൾ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ചു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്.
താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയൻ പ്രതികരിച്ചത്. യുവാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് ജയൻ ശിവാനന്ദൻ നായർ യുവാക്കളെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിവെച്ചത്. നാടൻ തോക്കുപയോഗിച്ചാണ് വെടവച്ചതെന്നാണ് വിവരം. ജയൻ കരസേനയിൽ സൈനികനായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: വലിയതുറയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച് പണവും ഫോണും കവർന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബീമാപള്ളി യു.പി സ്കൂളിന് സമീപം താമസക്കാരനായ അബ്ദുൾ ഖാദർ (32), വള്ളക്കടവ് എം.ആർ പാലസിന് സമീപം വലിയവിളാകം പുരയിടത്തിൽ സഹീർഖാൻ (25) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 17-ന് വലിയതുറ പാലത്തിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരനായ യുവാവിനെ തടഞ്ഞുനിർത്തിയ പ്രതികൾ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും ഇവർ കവർന്നു.
കൂടാതെ, കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെക്കൊണ്ട് എം.ഡി.എം.എ ഉപയോഗിപ്പിക്കാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. സിറ്റി ഡാൻസാഫ് സംഘം ബീമാപള്ളി ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് വലിയതുറ സ്റ്റേഷന് കൈമാറി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Kerala
കോഴിക്കോട്: ഫോണ്‍പേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ ഹമീൻ എന്നിവരാണ് പിടിയിലായത്.
സൈബർ ക്രൈം പോലീസ് ആണ് ഇരുവരെയും പിടികൂടിയത്. വടകര റെയിൽവെ സ്റ്റേഷനിൽ വച്ച് യുവതികളിൽ നിന്നും പണം തട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷൻ വഴി തട്ടിപ്പ് നടത്താനായിരുന്നു പദ്ധതി. യുവതികളിൽ നിന്നും പണം വാങ്ങിയ ശേഷം ഫോൺപേയുടെ വ്യാജ ആപ്ലിക്കേഷൻ വഴി തിരികെ അയച്ചതായി സ്ക്രീൻ ഷോട്ട് കാണിച്ച് യുവാക്കൾ മുങ്ങാൻ ശ്രമിച്ചു.
പണം തിരികെ അയക്കാതെ ആപ്ലിക്കേഷനിൽ ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന തരത്തിൽ കൃത്രിമമായി തയ്യാറാക്കിയ ഇന്റർഫേസ് ഉപയോഗിച്ച് ഇരകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പ്രതികളുടെ രീതി.
ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതികൾ സംഭവം റെയിൽവേ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സൈബർ ക്രൈം പോലീസെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
മീനങ്ങാടി: കൊളഗപ്പാറയില്‍ ലഹരിവസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ലോറിയില്‍ കടത്തുകയായിരുന്ന 19 ഗ്രാം എംഡിഎംഎയും നാല് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് യുവാക്കൾ പിടിയിലായത്.
ലോറി ഡ്രൈവര്‍ പള്ളിക്കുന്ന് ആനക്കുഴി ജോബിന് ജോണി(24), കോട്ടത്തറ കുറുമ്പാലക്കോട്ട കാക്കശേരി നിഖില്‍ തോമസ്(24)എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ലോറി കസ്റ്റഡിയിലെടുത്തു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊളഗപ്പാറയില്‍ ആയിരുന്നു പരിശോധന.
Kerala
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിൽ. കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസിലെ യാത്രക്കാരായ രണ്ട് യുവാക്കളാണ് പിടിയിലായത്.
കോഴിക്കോട് ഫറൂഖ് സ്വദേശി ചെമ്പ്രയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ്, മലപ്പുറം വണ്ടൂര്‍ സ്വദേശി വാണിയമ്പലം ഭാഗത്ത് പള്ളത്ത് വീട്ടില്‍ അഭിന്‍ സൂര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 41.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
എക്സൈസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുനിലിന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരിശോധന നടത്തുന്നതിനിടെയാണ് എംഡിഎംഎ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: പേട്ടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ആനയറ സ്വദേശി നന്ദു, ചെറിയ കൊണ്ണി സ്വദേശി നന്ദഹരി എന്നിവരാണ് അറസ്റ്റിലായത്.
150 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. ഇന്ന് രാവിലെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് അന്താരാഷ്ട്ര വിപണിയിൽ എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്. ബംഗളൂരുവിലെ ലഹരിക്കടത്ത് സംഘം പറഞ്ഞയാള്‍ക്ക് എംഡിഎംഎ കൈമാറാൻ ഇരു ചക്ര വാഹനത്തിലെത്തി കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് നാർക്കോട്ടിക്സ് ടീമിന്റെയും പേട്ട പോലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ലഹരിസാധനങ്ങൾ പേട്ട, വഞ്ചിയൂർ ഭാഗം കേന്ദ്രീകരിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം.
എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇരുവരെയും ലഹരിക്കടത്ത് സംഘം ക്യാരിയര്‍മാരാക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.
ദേവനഹള്ളി താലൂക്കിലെ അഗലക്കോട്ടെ ഗ്രാമിത്തിലാണ് അപകടമുണ്ടായത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേയ്ക്ക് പോയ യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്ന് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ചിക്കജല ഗ്രാമത്തിൽ നിന്നുള്ള തൗസീഫെയാണ് തിരിച്ചറിഞ്ഞത്.
മറ്റ് രണ്ട് പേർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
National
പാറ്റ്ന: ബിഹാറിലെ ഹൈവേയിൽ അപകടകരമായ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് ട്രാഫിക്ക് പോലീസ്. യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് കേസെടുത്തത്.
തിരക്കേറിയ റോഡിൽ അപകടമുണ്ടാകുന്ന തരത്തിൽ യുവാക്കൾ ബൈക്കോടിക്കുന്നതും ഒരു പോലീസ് വാഹനത്തെ പേടികൂടാതെ മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിൽ ഇരു കൈകളും ചേർത്ത് പിടിച്ച് സീറ്റിൽ നിന്നു കൊണ്ട് ബൈക്കോടിക്കുന്ന യുവാക്കൾ പോലീസ് വാഹനത്തെ ധൈര്യത്തോടെ മറികടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഹാർ പോലീസിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. ബിഹാറിലെ ആളുകൾക്ക് പോലീസിനെ ഭയമില്ലാതെയായെന്നും അതുകൊണ്ടാണ് അപകടരമായ രീതിയിൽ യുവാക്കൾ ബൈക്ക് ഓടിക്കുന്നതെന്ന് പലരും വിമർശിച്ചു. പോലീസ് ഇതോക്കെ വെറുതെ കണ്ടിരിക്കുമോ അതോ നടപടിയെടുക്കുമോയെന്നും പലരും ചോദിച്ചു.
Kerala
കൊച്ചി: ആലുവയിലെ മുപ്പത്തടത്ത് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോർ (29), മുപ്പത്തടം വടശേരി തണ്ടരിക്കൽ ഉന്നതിയിൽ അമൽ ജോണി (29) എന്നിവരാണ് അറസ്റ്റിലായത്.
ബിനാനിപുരം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയാണ് സംഭവം. പ്രതികൾ മുൻവൈരാഗ്യം മൂലം യുവാവിനെ മൊബൈൽ ഫോണിലൂടെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു.
യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് അഭിജിത്. ഇൻസ്പെക്ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
അമരാവതി: ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. യെലെട്ടി രാജു(19), യെലെട്ടി അഞ്ജിബാബു(25), കൊല്ലു സത്യനാരായണ ( 28) എന്നിവരാണ് മരിച്ചത്.
പെനുമന്ത്ര മണ്ഡലിലെ പൊളമുരു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയരികിലെ കടയുടെ മതിലിൽ ഇടിക്കുകയും ആയിരുന്നു.
മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ചെമ്പൂരിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അമൽ (21), അഖിൽ (19) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലാണ് അപകടം നടന്നത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്കിലൂണ്ടായിരുന്ന രണ്ട് യുവാക്കളും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ സംഘർഷം. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്കാന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് എത്തിയിട്ടും യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടയിൽ ഒരു യുവാവ് ബോധരഹിതനായി വീണു. ഒടുവില്‍ ബോധരഹിതനായ യുവാവിനെ ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലധികം നഗരത്തിൽ ഗതാഗതം സതംഭിച്ചു. അതേസമയം യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.